ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്; സിനിമാ നിർമാതാവ് പിടിയിൽ


ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് ടി എ സിറാജ്ജുദീൻ കസ്റ്റംസ് പിടിയിൽ. തൃക്കാക്കര സ്വദേശിയാണ് ടി എ സിറാജ്ജുദ്ദീൻ. സ്വർണ്ണം എത്തിയ കൺസൈമെന്റ് തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിസിന്റെ പേരിലായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീൻ. ഇയാളുടെ ഡ്രൈവറും നേരത്തെ പിടിയിലായിരുന്നു. 

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ രണ്ടാം പ്രതി ഷാബിൻ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് സിറാജുദ്ദീനും പിടി വീഴുന്നത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ. ഇന്നലെ രാത്രിയാണ് കൊച്ചിയിൽ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കാറിൽ പോകാൻ ശ്രമിക്കവേ ഇവരെ പിന്തുടർന്നാണ് രണ്ടേകാൽ കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവർ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. യന്ത്രം ഇറക്കുമതി ചെയ്തത് എറണാകുളം തുരുത്തുമ്മേൽ എൻറർ പ്രൈസസായിരുന്നു. നാട്ടിൽ ലഭ്യമാകുന്ന ഇറച്ചിവെട്ട് യന്ത്രം എന്തിനാണ് പുറത്ത് നിന്ന് കൊണ്ടുവരുന്നതെന്ന സംശയമാണ് റെയ്ഡിലേക്ക് നയിച്ചത്.

You might also like

Most Viewed