ജോയിന്റ് ബാങ്ക് അക്കൗണ്ടിൽനിന്നു ഭാര്യയറിയാതെ 1.2 കോടി തട്ടിയ ഭർത്താവും കാമുകിയും പിടിയിൽ


ഭാര്യയറിയാതെ ഇരുവരുടെയും ജോയിന്റ് ബാങ്ക് അക്കൗണ്ടിൽനിന്നും 1.2 കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പു നടത്തിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ് (52), കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്ക (30) എന്നിവരാണ് പിടിയിലായത്. യു.എസിൽ നഴ്‌സാണ് സിജുവിന്റെ ഭാര്യ. ഇരുവരുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നും പണം ഇയാൾ കാമുകി പ്രിയങ്കയുടെ കായംകുളം എച്ച്.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. 1,20,45,000 രൂപയാണ് സിജു മാറ്റിയത്. പിന്നീട് ഈ പണം ഇരുവരും സ്വന്തം ആവശ്യങ്ങൾക്കായി പണം ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർ നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നു പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളം വഴി മടങ്ങിയെത്തിയ ഇരുവരെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞ് പോലീസിനു കൈമാറുകയായിരുന്നു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവിന്റെ നേതൃത്വത്തിൽ കായംകുളം ഡി.വൈ.എസ്‌.പി. അലക്സ് ബേബി, സിഐ. മുഹമ്മദ് ഷാഫി, എസ്ഐ. നിയാസ്, സി.പി.ഒമാരായ ബിനു മോൻ, അരുൺ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed