ദിലീപിന് വേണ്ടി ഒരിടത്തും വക്കാലത്ത് പറഞ്ഞിട്ടില്ല'; ജയിലില്‍ കണ്ടത് യാദൃശ്ചികമായെന്ന് രഞ്ജിത്ത്


നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നും രഞ്ജിത് വിശദീകരിച്ചു. അന്നേ ദിവസം തന്റെ കൂടെയുണ്ടായിരുന്ന നടന്‍ സുരേഷ് കൃഷ്ണക്കൊപ്പമാണ് രജ്ഞിത്ത് സബ്ജയിലില്‍ ദിലീപിനെ കണ്ടത്. യാത്രയിലുടനീളം സുരേഷ് കൃഷ്ണയ്ക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനിറ്റ് സബ്ജയിലിന്റെ അവിടെയൊന്ന് നിര്‍ത്തണമെന്നും ദിലീപിനെ കാണണമെന്നും പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോയെന്നും ചോദിച്ചു. പുറത്തിരിക്കാമെന്ന് പറഞ്ഞെങ്കിലും അതിന്റെ അപകടം വലുതായിരിക്കുമെന്ന് തോന്നി. ഒരു പക്ഷെ തന്നെ ഇവിടെ കണ്ടാല്‍ ക്യാമറയുമായി ആളുകള്‍ എത്തും. കാര്യങ്ങള്‍ തിരക്കും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കനാണ് ജയിലിലേക്ക് പോയതെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.

സുപ്രണ്ടിന്റെ മുറിയിലാണ് താന്‍ ഇരുന്നതെന്നും ദിലീപിനെ കണ്ടപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചു. പിന്നീട് ദിലീപും സുരേഷ് കൃഷ്ണയും മാറിയിരുന്ന് സംസാരിച്ചു. അവര്‍ അടുത്ത ബന്ധമുള്ളവരായിരുന്നു. സുപ്രണ്ടും ഞാനും ജയിലില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമയെകുറിച്ചാണ് സംസാരിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഭാവനയെ കൊണ്ടുവന്നതില്‍ തനിക്ക് പ്രത്യേകിച്ച് നന്ദിയോ അഭിനന്ദനമോ വേണ്ട എന്നും ചുഴിഞ്ഞുകുത്തി കാര്യങ്ങളെ സമീപിക്കരുതെന്നും വിവാദത്തിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. അതൊന്നും ഇവിടെ നടക്കില്ല എന്നും സര്‍ക്കാരാണ് തന്നെ തെരഞ്ഞെടുത്തതെന്നും അതിന് വിരുദ്ധമായ ചുവടുവെപ്പ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും രജ്ഞിത്ത് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ആളുകളുടെ വിലകുറഞ്ഞ വഷളത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നും അത് പ്രതീക്ഷിക്കേണ്ടെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed