അടൂര്‍ അപകടം: കാരണം അമിത വേഗവും അശ്രദ്ധയും, ഡ്രൈവര്‍ക്കെതിരെ കേസ്


പത്തനംതിട്ട അടൂരില്‍ മൂന്ന് പേരുടെ മരണത്തിന് വഴിവെച്ച കാര്‍ അപകടത്തിന് കാരണം അമിത വേഗവും അശ്രദ്ധയുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ ബ്രേക്കിന് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും കാറിന് മറ്റ് അപാകതകള്‍ കണ്ടെത്താനായിട്ടില്ലെന്നും എംവിഡി വ്യക്തമാക്കി.അതേസമയം, സംഭവത്തില്‍ ഡ്രൈവര്‍ ആയൂര്‍ ഇളമാട് ഹാപ്പിവില്ലയില്‍ ശരത്തി(35)നെതിരേ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശരത്തില്‍നിന്നും മൊഴിയെടുത്ത ശേഷം ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും.

കാറിന് ഒരു തകരാറുകളും ഇല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, വാഹനത്തിന് 27 മാസത്തെ പഴക്കമാണ് ഉള്ളതെന്നും എംവിഡി അറിയിച്ചു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സാണ് വാഹനത്തിനുണ്ടായിരുന്നത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ബുധനാഴ്ച്ചയാണ് അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മരണമുണ്ടായത്. അടുര്‍ ബൈപ്പാസിന് സമീപമായിരുന്നു സംഭവം. കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളും ആയൂര്‍ സ്വദേശികളുമായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്.

ഏഴ് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു സംഭവം. കാറിന്റെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് ആയൂര്‍ അമ്പലമുക്കില്‍നിന്ന് ആലപ്പുഴ ഹരിപ്പാടിലേക്ക് വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ പോയവര്‍ അപകടത്തില്‍പ്പെട്ടത്. ശക്തമായ ഒഴുക്കില്‍ കാര്‍ കനാലിലൂടെ ഒഴുകി പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം ആശുപത്രിയിലേക്ക് മാറ്റിയ നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed