നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയെയും സഹോദരനെയും കൊന്നത് അതിക്രൂരമായി; പ്രതി സജിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്
ഷീബ വിജയൻ I കേരളം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം കുമ്പംകല്ലിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി നൽകിയ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് സജി കൊലപ്പെടുത്തിയത്. ഏപ്രിൽ നാലാം തീയതി രാത്രിയാണ് കൊലപാതകം നടന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
സഹോദരൻ റെജിയെ മർദിച്ച ശേഷം കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ച ശേഷം കയ്യിൽ പിടിച്ചു കറക്കി ഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ട് ദിവസം മൃതദേഹങ്ങൾ വീടിന് പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചു. മൂന്നാം ദിവസം അർധരാത്രിക്ക് ശേഷമാണ് മൃതദേഹങ്ങൾ വീടിന് സമീപം കുഴിച്ചിട്ടതെന്നും പ്രതി വെളിപ്പെടുത്തി.
ഈ മാസം രണ്ടാം തീയതി മുതൽ മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന് പോലീസ് വീട്ടിലെത്തിയപ്പോൾ സജി അവിടെയുണ്ടായിരുന്നുവെങ്കിലും പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ പറമ്പിൽ നിന്നും അവശനിലയിലാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സജി കുറ്റം സമ്മതിച്ചു.
വീട്ടുപരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റെ കാൽ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമ്മയെയും മകനെയും കൊലപ്പെടുത്തിയതിന് പുറമെ, സജിയുടെ പിതാവിന്റെ തിരോധാനത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് സഹോദരി സിനി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പോലീസ് പ്രതിയുമായി കൂടുതൽ തെളിവെടുപ്പുകൾ നടത്തി വരികയാണ്.
aa



