പൊതുനിരത്തുകളിലെ കൈയേറ്റം തടയാൻ ബഹ്‌റൈനിൽ നിയമം കടുപ്പിക്കുന്നു; പിഴ 2,000 ദീനാർ വരെ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പൊതുനിരത്തുകളിലെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനും നഗര സൗന്ദര്യം സംരക്ഷിക്കുന്നതിനുമായി 1996-ലെ റോഡ് ഒക്യുപൻസി നിയമത്തിൽ വരുത്തിയ സുപ്രധാന ഭേദഗതികൾക്ക് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗീകാരം നൽകി. പുതിയ നിയമപ്രകാരം, പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ഗതാഗതം തടസ്സപ്പെടുത്തുന്നതോ ആയ അനധികൃത വസ്തുക്കളും നിർമ്മാണങ്ങളും മുൻകൂർ നോട്ടീസ് നൽകാതെ തന്നെ ഉടനടി നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റികൾക്ക് അധികാരമുണ്ടാകും. നിയമലംഘനം നടത്തുന്നവർക്ക് 500 ദീനാർ മുതൽ 2,000 ദീനാർ വരെയാണ് പിഴ ചുമത്തുക. നീണ്ട കോടതി നടപടികൾ ഒഴിവാക്കാൻ പിഴയുടെ നിശ്ചിത ഭാഗം അടച്ച് പ്രശ്നം തീർപ്പാക്കാനുള്ള വ്യവസ്ഥയും പുതിയ ഭേദഗതിയിലുണ്ട്. പിടിച്ചെടുക്കുന്ന വസ്തുക്കൾ പിഴയടച്ച് തിരികെ വാങ്ങിയില്ലെങ്കിൽ അവ ലേലം ചെയ്യാനും അധികൃതർക്ക് അധികാരമുണ്ടാകും.
റോഡരികിലോ റോഡിന് മുകളിലോ ലൈസൻസില്ലാതെ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കില്ല. നിർമ്മാണ ആവശ്യങ്ങൾക്കായി ക്രെയിനുകളും സ്കാഫോൾഡിംഗുകളും സ്ഥാപിക്കുന്നതിനും, റോഡ് കൈയേറി കണ്ടെയ്നറുകൾ വെക്കുന്നതിനും, താൽക്കാലിക കച്ചവട വണ്ടികൾ, സീസണൽ കിയോസ്കുകൾ, പരസ്യ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്കും മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിന് പുറമെ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകൾ, ഇവന്റുകൾക്കായുള്ള അലങ്കാരങ്ങൾ, താൽക്കാലിക കാർ ഷെഡുകൾ എന്നിവയെയും പുതിയ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു.
ലൈസൻസിനായുള്ള അപേക്ഷകളിൽ 15 പ്രവൃത്തിദിവസത്തിനുള്ളിൽ മുനിസിപ്പാലിറ്റി മറുപടി നൽകണം. ഈ സമയപരിധിക്കുള്ളിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതായി കണക്കാക്കും. മുനിസിപ്പാലിറ്റിയുടെ തീരുമാനങ്ങളിൽ പരാതിയുള്ളവർക്ക് 30 ദിവസത്തിനുള്ളിൽ മിനിസ്റ്റീരിയൽ കമ്മിറ്റിയെ സമീപിക്കാനും തുടർന്ന് ഹൈ സിവിൽ കോടതിയിൽ അപ്പീൽ നൽകാനും അവസരമുണ്ട്. നഗരവൽക്കരണത്തിന്റെ പുതിയ സാഹചര്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും അനുസൃതമായാണ് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നിയമം പരിഷ്കരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ക്യാപിറ്റൽ ബോർഡ് അംഗീകരിച്ച ഈ ഭേദഗതികൾ ഇനി മറ്റ് മുനിസിപ്പൽ കൗൺസിലുകളുടെ കൂടി അഭിപ്രായത്തിനായി അയക്കും.
aa



