ബൈക്ക് മരത്തിൽ ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം


പേരൂർക്കട വഴയിലയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിൽ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞ് യാത്രികരായ മൂന്നു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പേരൂർക്കട കരൂർക്കോണം ദയാ നഗർ കുളവരന്പത്ത് വീട്ടിൽ ഷിബുവിന്റെയും ബിന്ദുവിന്റെയും മകൻ പേരൂർക്കട കൺകോർഡിയ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി എസ്.ബി സിദ്ധാർത്ഥ് (16), പേരൂർക്കട ഊളന്പാറ അഭയ നഗർ 164−എ കല്ലംപൊറ്റ പുത്തൻവീട്ടിൽ ഷിബു− സിമി ദന്പതികളുടെ മകൻ നാലാഞ്ചിറ സെന്റ്‌ജോൺസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വിനീഷ് (16), വഴയില പുരവൂർക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന വിനോദ് ഷൈനി ദന്പതികളുടെ മകൻ പ്ലസ് വൺ വിദ്യാർത്ഥി ടെഫിൻ (16) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലോടെ പേരൂർക്കട−നെടുമങ്ങാട്‌ റോഡിൽ വഴയില പാലം ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൂട്ടുകാരനായ ആദർശിന്റെ ബൈക്കിൽ സിദ്ധാർത്ഥും വിനീഷും പുരവൂർക്കോണത്തെ വീട്ടിലെത്തി ടെഫിനെയും കൂട്ടി പേരൂർക്കടയിലേക്ക് വരുന്പോഴായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാട് നിറഞ്ഞ ഭാഗത്തെ മരത്തിലിടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. മൂവരും കുഴിയിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇവരെ ഉടൻ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സിദ്ധാർത്ഥിന്റെ സഹോദരൻ: എസ്.ബി. ആരോമൽ. വിനിഷിന്റെ സഹോദരൻ : അജീഷ്, ടെഫിന്റെ സഹോദരി : ടെഫിന.

You might also like

Most Viewed