വിവാഹ വായ്പ നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി

തൃശൂർ
വിവാഹ വായ്പ നിഷേധിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട് വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം ഇന്ന് പാറമേക്കാവ് ക്ഷേത്രത്തിൽ നടന്നു. കാരുണ്യത്തിന്റെ കൈകളുമായി കുടുംബത്തെ ചേർത്തുപിടിച്ച സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ രാവിലെ 8.30നും ഒൻപതിനും ഇടയിൽ വരൻ നിധിൻ വിദ്യയെ താലി ചാർത്തി.
വിവാഹശേഷം വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കു പോയി. ജനുവരി രണ്ടാം വാരം നിധിൻ ജോലിക്കായി വിദേശത്തേയ്ക്ക് മടങ്ങും. വൈകാതെ വിദ്യയെയും കൂടെകൊണ്ടുപോകാനാണ് തീരുമാനം. ഡിസംബർ 12ന് നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്ന് മുടങ്ങുകയായിരുന്നു. ഡിസംബർ ആറിനാണ് വിപിൻ ആത്മഹത്യ ചെയ്തത്. ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് ഇന്ന് വിവാഹം നടത്തുന്നത്.
രണ്ടു വർഷത്തിലേറെയായി നിധിനും വിദ്യയും പരിചയക്കാരായിരുന്നു. ഒടുവിൽ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. സ്വർണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിൽ വിപിൻ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കിൽ നിന്ന് പണം കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തിൽ വീട്ടിലെത്തിയ വിപിൻ ജീവനൊടുക്കുകയായിരുന്നു. വിവാഹത്തിന് സ്ത്രീധനമോ സ്വർണമോ നിധിൻ ആവശ്യപ്പെട്ടിരുന്നില്ല. എന്നാലും സഹോദരിയെ നല്ല രീതിയിൽ തന്നെ വിവാഹം ചെയ്തയക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് മൂന്ന് സെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരു ലക്ഷമെങ്കിലും വായ്പയെടുക്കാൻ വിപിൻ ശ്രമിച്ചത്. പണം നൽകാമെന്നും ഡിസംബർ ആറിന് തിങ്കളാഴ്ച രാവിലെ എത്തണമെന്ന് ധനകാര്യ സ്ഥാപനം വിപിനെ അറിയിച്ചെങ്കിലും ഒടുവിൽ വായ്പ നിഷേധിക്കുകയായിരുന്നു.