പി.ടി തോമസ് എംഎൽഎയുടെ സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം


തിരുവനന്തപുരം: പി.ടി തോമസ് എംഎൽഎയുടെ സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് കൊച്ചി രവിപുരം പൊതുശ്മശാനത്തിൽ നടക്കും. പി.ടി തോമസിന്‍റെ അന്തിമാഭിലാഷ പ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാൻ തീരുമാനിച്ചത്. മൃതദേഹം ഇന്ന് രാത്രി ഇടുക്കി ഉപ്പുതോട്ടെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച പുലർച്ചെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കും. രാവിലെ 7.30ന് എറണാകുളം ഡസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. അതിനു ശേഷം തൃക്കാക്കര ടൗൺഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരം അഞ്ചരയോടെ രവിപുരം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും. 

പി.ടിയുടെ അന്ത്യാഭിലാഷ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. രവിപുരം പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു പി.ടിയുടെ ആഗ്രഹം. സംസ്കാരത്തിനു ശേഷം ചിതാഭ്സമത്തിന്‍റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം.  മൃതദേഹത്തിൽ റീത്ത് വയ്ക്കരുത്. അന്ത്യോപചാരസമയത്ത് വയലാറിന്‍റെ "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്ന പാട്ട് വയ്ക്കണം−എന്നിവയും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ പി.ടിയുടെ ആവശ്യപ്രകാരം നവംബർ 22ന് എഴുതിവയ്ക്കുകയും ചെയ്തിരുന്നു.

You might also like

  • Straight Forward

Most Viewed