ജാഗ്രത; നെടുന്പാശ്ശേരിയിൽ മാത്രം ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നത് 4407 പേർ

കൊച്ചി: നെടുന്പാശ്ശേരിയി വിമാനത്താവളം വഴി വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. നെടുന്പാശ്ശേരിയിൽ മാത്രം ഹൈറിസ്‌ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്ന 4408 പേരുണ്ട്. നെടുന്പാശ്ശേരി വഴി വന്ന 10 പേരാണ് ഇന്നലെയും ഇന്നുമായി കോവിഡ് പോസിറ്റീവായത്. ഇവരുടെയെല്ലാം ജീനോം പരിശോധന നടത്തിയതിൽ രണ്ട് പേരുടെ ജീനോം ഫലം കിട്ടി. ഇതിൽ ഒരാൾ പോസിറ്റീവും ഒരാൾ നെഗറ്റീവുമാണ്. ഇനിയും എട്ടുപേരുടെ ഫലം വരാനുണ്ട്.
നെടുന്പാശ്ശേരിയിൽ കോവിഡ് പരിശോധനാ സൗകര്യങ്ങൾ കൂട്ടിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ജില്ലാകളക്ടറും ഡിഎംഒയും അടക്കമുളളവർ പങ്കെടുത്ത ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.
വിമാനത്താവളത്തിൽ കോവിഡ് പരിശോധന ഇനി കർശനമാകും. കോവിഡ് പരിശോധന നടത്തി ഫലം പുറത്തു വന്ന ശേഷം മാത്രമേ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാകൂ. യാത്രക്കാർക്ക് റാപ്പിഡ് ടെസ്‌റ്റോ ആർടിപിസിആർ പരിശോധനയോ നടത്താം. പരിശോധനാഫലം പരമാവധി മൂന്ന് മണിക്കൂറിനുളളിൽ ലഭിക്കും. തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് പുറമേ ഏഴ് സ്വകാര്യ ആശുപത്രികളും പരിശോധനകളിൽ സഹകരിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിൻ എല്ലാവർക്കും ഉറപ്പാക്കാനാണ് ഇപ്പോൾ സർക്കാരിന്റെ ഏറ്റവും വലിയ ശ്രമമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.