കൈനകരി ജയേഷ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം


ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. രണ്ടും മൂന്നും നാലും പ്രതികൾക്കാണ് ആലപ്പുഴ ഒന്നാം അഡീഷനൽ ജില്ല കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർക്ക് ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഒൻപതും പത്തും പ്രതികൾക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.  കേസിൽ അഞ്ച് മുതൽ എട്ടുവരെയുള്ള പ്രതികളെ വെറുതെവിട്ടിരുന്നു. കൈനകരി പഞ്ചായത്ത് 11ആം വാർഡിൽ ജയേഷ് ഭവനത്തിൽ രാജുവിന്‍റെ മകൻ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസിൽ 10 പേരാണ് പ്രതികളാക്കിയിരുന്നത്. രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടികാട് വീട്ടിൽ സാജൻ (32), മൂന്നാംപ്രതി ആര്യാട് കോമളപുരം പുതുവൽവെളി വീട്ടിൽ നന്ദു (27), നാലാംപ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ വീട്ടിൽ ജെനീഷ് (39), ഒന്പതാംപ്രതി കൈനരി ആറ്റുവാത്തല മാമ്മൂട്ടിചിറ വീട്ടിൽ സന്തോഷ് (38),10ആം പ്രതി കൈനകരി ആറ്റുവാത്തല മാമ്മൂട്ടിചിറ കുഞ്ഞുമോൻ (64) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 

വിചാരണക്കിടെ ഒന്നാംപ്രതിയും ഗുണ്ടാത്തലവനുമായ പുന്നമട അഭിലാഷ് കൊല്ലപ്പെട്ടിരുന്നു. കൈനകരി സ്വദേശികളായ മാമ്മൂട്ടിചിറ സബിൻകുമാർ (കുടു−32), ചെന്മങ്ങാട്ട് വീട് ഉല്ലാസ് (28), മംഗലശ്ശേരിയിൽ വിനീത് (28), പുത്തൻപറന്പ് വീട്ടിൽ പുരുഷോത്തമൻ (64) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.  2014 മാർച്ച് 28 രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തിന്‍റെ പേരിൽ മാരാകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകർത്തശേഷം പ്രാണരക്ഷാർത്ഥം ഓടിയ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed