കണ്ണൂർ സർവകലാശാല വിവാദ സിലബസ്; മാറ്റങ്ങൾ വരുത്താൻ നിർദ്ദേശം


കണ്ണൂർ: കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ച് വിദഗ്‌ദ്ധ സമിതി. ആർ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങൾ നൽകാൻ നിർദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസിൽ മഹാത്മാഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്‌ധ സമിതി നിർദേശിച്ചു.

ഇസ്ലാമിക്,ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും സിലബസിൽ ഉൾപ്പെടുത്താനും വിദഗ്‌ധ സമിതി ആവശ്യപ്പെട്ടു. നിർദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം അക്കാദമിക് കൗൺസിലിന്റേതാണ്. കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ സിലബസാണ് വിവാദത്തിലായത്. ആർഎസ്എസ് നേതാക്കളായ സവർക്കറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് സൈദ്ധന്തികരുടെ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

തുടർന്ന് സർവകലാശാല നിയോഗിച്ച രണ്ട് അംഗ സമിതി സിലബസിൽ മാറ്റങ്ങൾ നിർദേശിച്ച് വൈസ് ചാൻസലർ പ്രൊ. ഗോപിനാഥ്‌ രവീന്ദ്രന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നീട് ബോർഡ് ഓഫ് സ്റ്റഡീസ് സിലബസ് വിശദമായി പരിശോധിച്ചു. വിദഗ്ധ സമിതി ശുപാർശകൾ പ്രകാരമുള്ള ഭേദഗതികൾ അംഗീകരിച്ചതായാണ് സൂചന. സിലബസ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അക്കാദമിക്ക് കൗൺസിലിന് വിട്ടു. രാവിലെ 10 അക്കാദമിക്ക് കൗൺസിൽ ചെയർമാൻ കൂടിയായ വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ യോഗം ചേരും. ബോർഡ് ഓഫ് സ്റ്റഡീസ് മുന്നോട്ട് വെച്ച ഭേദഗതികൾ അക്കാദമിക്ക് കൗൺസിലും അംഗീകരിക്കാനാണ് സാധ്യത.

ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് കണ്ണൂർ സർവകലാശാല പിന്മാറിയിരുന്നു. വിവാദ പുസ്തകങ്ങൾ പി.ജി സിലബസിൽ നിന്ന് ഒഴിവാക്കുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.

You might also like

Most Viewed