നിപ: മരിച്ച കുട്ടിയുടെ സന്പർ‍ക്കത്തിലുള്ള രണ്ട് പേർ‍ക്ക് രോഗലക്ഷണം


കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സന്പർ‍ക്ക പട്ടികയിലുള്ള രണ്ട് പേർ‍ക്ക് രോഗലക്ഷണം. സ്വകാര്യ ആശുപത്രിയിൽ‍ കഴിയുന്ന രണ്ട് പേർ‍ക്കാണ് രോഗലക്ഷണം. ഇവർ‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാന്പിൾ‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണം പ്രകടപ്പിച്ച രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യപ്രവർ‍ത്തകരോ അല്ലെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സന്പർ‍ക്ക പട്ടികയിലുള്ളത് 158 പേരാണ്. ഇവരിൽ‍ 20 പേർ‍ക്കാണ് അടുത്ത സന്പർ‍ക്കമുള്ളത്. ഇതിൽ‍ രണ്ട് പേർ‍ക്കാണ് രോഗലക്ഷമുള്ളതെന്നാണ് സൂചന.

നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ‍ തയാറായെന്ന് ആരോഗ്യമന്ത്രി വീണ ജോർ‍ജ് അറിയിച്ചു. സന്പർ‍ക്ക പട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കും. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. ഛർ‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ‍ കോളേജിലെ ചികിത്സയിൽ‍ പനി കുറയാത്തതിനെ തുടർ‍ന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐസൊലേറ്റഡ് ഐസിയുവിൽ‍ ചികിത്സയിലിരിക്കെയാണ് മരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed