കേരളത്തിൽ ഇന്ന് സന്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സന്പൂർണ ലോക്ക്ഡൗൺ. അവശ്യമേഖലകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ആരാധാനലയങ്ങളിൽ പോകുന്നതിനും വിവാഹങ്ങൾക്കും ഗൃഹപ്രവേശനങ്ങൾക്കും സംസ്കാരചടങ്ങുകൾക്കും യാത്ര ചെയ്യാം. കടകളുടെ സമയം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ്. ആരോഗ്യപ്രവർത്തകരുടെ യാത്രയ്ക്ക് മാത്രമാകും കെഎസ്ആർടിസി സർവീസ് നടത്തുക. അതേസമയം, നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.
സാധാരണ ഗതിയിലുള്ള ജനജീവിതം എങ്ങനെ പുനഃസ്ഥാപിക്കാമെന്നു ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ മേഖലകളുടെ കാര്യത്തിലും സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള സാധ്യതകൾ ആരായും. കോവിഡിനോടൊപ്പം ജീവിക്കാൻ തയാറെടുക്കുകയാണു വേണ്ടത്. വാക്സിൻ എടുത്തവരിലും രോഗം വരുന്നുണ്ട്. വാക്സിനേഷൻ പൂർത്തിയായാലും കോവിഡ് തുടരാമെന്ന സൂചനയാണിതു നൽകുന്നത്. അതുകൂടി കണ്ടുകൊണ്ടുള്ള പ്രതിരോധ മാർഗമാണു കണ്ടെത്തേണ്ടത്. ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ മാർഗങ്ങൾ തുടരേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
