അർജുൻ ആയങ്കിക്ക് ജാമ്യം; കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല


 

കൊച്ചി: കരിപ്പൂർ സ്വർണ കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പുറമേ രണ്ടു ലക്ഷം രൂപയും തതുല്യമായ ഒരു ആൾജാമ്യവും അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന വ്യവസ്ഥയും മുൻനിർത്തിയാണ് ജാമ്യം അനുവദിച്ചത്. ജൂണ്‍ 28-നാണ് അർജുൻ അറസ്റ്റിലാകുന്നത്. പിന്നീട് രണ്ടു തവണ ഇയാൾ കീഴ്ക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിലായി രണ്ടു മാസത്തോളം പിന്നിട്ടെന്നും തനിക്കെതിരേ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും അന്വേഷണവും തെളിവെടുപ്പും പൂർത്തിയായെന്നും അതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു അർജുന്‍റെ വാദം. എന്നാൽ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തു. സ്വർണക്കടത്തിലെ മുഖ്യപ്രതിയാണ് ഇയാളെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ മുഖവിലയ്ക്കെടുക്കാതെ അർജുന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed