ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് മുൻ ഡിജിപി സിബി മാത്യൂസ്. ചാരക്കേസ് ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തിനിടെ കോടതിയിൽ നല്കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ് ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അദ്ദേഹം മുന്കൂര് ജാമ്യം തേടിയത്. ചാരക്കേസ് സത്യമായിരുന്നുവെന്ന വാദത്തില് അദ്ദേഹം ഉറച്ചുനിന്നു. കോടതി എടുത്തുചോദിച്ചപ്പോഴും നിലപാട് ആവർത്തിച്ചു. ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്നും ഹർജിയിൽ പറയുന്നു.1996-ൽ സിബിഐ നല്കിയ അന്തിമ ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ജാമ്യാപേക്ഷയെ എതിർത്ത സിബിഐ അഭിഭാഷകൻ ജെയിൻ കമ്മറ്റി റിപ്പോർട്ട് സീ. ചെയ്ത കവറിൽ ജില്ലാ കോടതിക്കു നല്കാമെന്ന് അറിയിച്ചു.
രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ് തങ്ങള് ഔദ്യോഗിക കൃത്യനിർഹണം നടത്തിയതെന്നും ഇതിൽ ഗൂഢാലോചനയില്ലെന്നും നേരത്തെ കോടതിയിൽ ഹാജരാക്കിയ രേഖയില്സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.
ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാറിന്റെ നിർദേശ പ്രകാരം സി.ഐ. എസ്. വിജയനാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റുചെയ്തത്. തുടർന്നാണ് ഐ.എസ്.ആർ.ഒ.യിലെ ഉന്നത ശാസ്ത്രജ്ഞരുമായി ഇവർക്ക് ബന്ധമുള്ള കാര്യം ബോധ്യമായത്.റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതിനിധിയായ ബെംഗളൂരു സ്വദേശി ചന്ദ്രശേഖരനുമായും ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ ശശികുമാറുമായും ഫൗസിയ ഹസൻ അടുത്തബന്ധമുണ്ടായിരുന്നു. ബെംഗളൂരുവിലെ ആർമി ക്ളബ്ബിൽ മറിയം റഷീദയും ഫൗസിയ ഹസനും സ്ക്വാഡ്രൻ ലീഡർ കെ.എൽ ഭാസിനെ കണ്ടിരുന്നു. ഇക്കാര്യം അന്ന് ഒരു മാധ്യമവും റിപ്പോർ ചെയ്തില്ല.മാധ്യമങ്ങൾ രമൺ ശ്രീവാസ്തവയുടെ പിറകിലായിരുന്നു. രമൺ ശ്രീവാസ്തവയെയും നമ്പി നാരായണനെയും അറസ്റ്റുചെയ്യാൻ നിർബന്ധിച്ചതും ഐ.ബി. ഉദ്യോഗസ്ഥരാണെന്നും സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.