സ്ത്രീ സുരക്ഷയ്ക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു


തിരുവനന്തപുരം: സ്ത്രീധന നിരോധനത്തിനും കേരളത്തിലെ സ്ത്രീ സുരക്ഷയ്ക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് രാജ്ഭവനിലാണ് അദ്ദേഹം ഉപവാസം ആരംഭിച്ചത്. ഗാന്ധിയൻ സംഘടനകൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ഗവർണർ രാജ്ഭവനിൽ ഉപവാസം തുടങ്ങിയത്. തൈക്കാട് ഗാന്ധിഭവനിൽ ഗാന്ധിയൻ സംഘടനകൾ സ്തീധന നിരോധനത്തിനും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് കൊണ്ട് രാവിലെ മുതൽ ഉപവാസം ആരംഭിച്ചിട്ടുണ്ട്. ഉപവാസ സമരത്തിൽ വൈകുന്നേരം നാലരക്ക് ഗവർണർ പങ്കെടുക്കും. വൈകുന്നേരം ആറ് മണിക്ക് ഉപവാസ പരിപാടികൾ അവസാനിക്കും. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സമരപരിപാടിയിൽ ഗവർണർ പങ്കെടുക്കുന്നത്.

കോളേജ് തലം മുതൽ വിദ്യാർത്ഥികളിലൂടെ സ്ത്രീധന നിരോധനത്തിനെതിരെ അവബോധം വളർത്തുന്നതിനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ചേരാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷിതമായ കേരളം എന്ന മുദ്രാവാക്യമാണ് ഗവർണർ ഉയർത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed