കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ടിനു പൂട്ടിട്ട് ട്വിറ്റർ
ന്യൂഡൽഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ടിനു പൂട്ടിട്ട് ട്വിറ്റർ. യുഎസ് പകർപ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചത്. മന്ത്രിക്ക് ഒരു മണിക്കൂറോളം ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാൻ സാധിച്ചില്ല. ട്വിറ്ററിന്റെ നടപടി ഐടി ചട്ടത്തിന്റെ ലംഘനമാണെന്നു മന്ത്രി കുറ്റപ്പെടുത്തി.
ട്വിറ്ററിൽ മന്ത്രിയുടെ അക്കൗണ്ട് കാണാൻ സാധിക്കുമായിരുന്നെങ്കിലും അക്കൗണ്ട് ഉപയോഗിക്കാനോ, ട്വീറ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ലോഗിൻ ചെയ്യാൻ ശ്രമിക്കുന്പോൾ അക്കൗണ്ട് ലോക്ക് ആണെന്ന സന്ദേശമാണു ലഭിച്ചിരുന്നത്. ട്വിറ്ററിന് ‘പകരമായി’ ഇന്ത്യയിൽ അവതരിപ്പിച്ച കൂ ആപ്പിൽ കേന്ദ്രമന്ത്രി ട്വിറ്ററിലെ അനുഭവത്തെക്കുറിച്ച് എഴുതുകയും ചെയ്തു.എന്നാൽ ഒരു മണിക്കൂറിനുശേഷം മുന്നറിയിപ്പോടെ ട്വിറ്റർ അക്കൗണ്ടിലേക്കു പ്രവേശനം അനുവദിക്കപ്പെട്ടതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അക്കൗണ്ട് ലോക്ക് ചെയ്യുന്നതിന് മുൻപ് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണു മന്ത്രിയോടൊപ്പമുള്ളവർ പറയുന്നത്. അതേസമയം, ഏതു ട്വീറ്റാണു യുഎസ് നിയമം ലംഘിക്കുന്ന തരത്തിലുള്ളതെന്നും വ്യക്തമാക്കിയിട്ടില്ല.

