ബി.ജെ.പി സ്ഥാനാർത്ഥി ആയതോടെ മക്കൾക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായി തുടങ്ങിയെന്ന് കൃഷ്ണകുമാർ
കൊച്ചി: താൻ ബിജെപി സ്ഥാനാർത്ഥിയായതോടെ മക്കൾക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായി തുടങ്ങിയെന്ന് നടൻ കൃഷ്ണകുമാർ. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമ രംഗത്ത് മക്കൾക്ക് അവസരങ്ങൾ കുറഞ്ഞതായാണ് കൃഷ്ണകുമാർ ഇപ്പോൾ പറയുന്നത്.
ഡേറ്റുകൾ മാറുകയും സിനിമകൾ നഷ്ടമാവുകയും ചെയ്തു. തനിക്ക് മാത്രമല്ല കുടുംബത്തിനും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാർ പറയുന്നു. തിരഞ്ഞെടുപ്പിനിടയിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി വീണ്ടും അഭിനയത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും നടൻ പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായാണ് കൃഷ്ണകുമാർ മത്സരത്തിന് ഇറങ്ങിയത്. മെയ് 2 തനിക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്നും കൃഷ്ണകുമാർ പറയുന്നു. നേരത്തെ തങ്ങളെ സിനിമയിൽ നിന്നും പുറത്താക്കാൻ കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നു എന്ന ആരോപണവുമായി കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു.
കമ്മ്യൂണിസ്റ്റുകാർ വാ തുറക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ്, തിന്നാനും കള്ളം പറയാനും. തന്നെയും മക്കളെയും ഇവർ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചു ദിവസം തന്നെ ജോലിയിൽ നിന്നും പുറത്താക്കി. തന്റെ മക്കളെയും ചിലപ്പോൾ പുറത്താക്കും, അതിനപ്പുറം ഇവർ ഒന്നും ചെയ്യില്ല എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

