കേരളത്തിൽ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്
കോട്ടയം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗാണ് ഉണ്ടായിരിക്കുന്നത്. ആദ്യ രണ്ടു മണിക്കൂറിൽ രേഖപ്പെടുത്തിയത് 15 ശതമാനത്തോളം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് വൈകുന്നതായും റിപ്പോർട്ടുണ്ട്. ധർമ്മടം മണ്ഡലത്തിലെ പിണറായി സ്കൂളിൽ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിൽ യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.
140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് േസ്റ്റഷനുകളാണ് തയാറാക്കിയിട്ടുള്ളത്. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കോവിഡ് രോഗികൾക്കും പ്രാഥമിക സന്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്.

