ബൈക്ക് റാലി: അന്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
അന്പലപ്പുഴ: അന്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാമിനെതിരേ പോലീസ് കേസെടുത്തു. തെരഞ്ഞടുപ്പ് കമ്മീഷന്‍റെ നിർദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാണ് നടപടി. ശനിയാഴ്ച രാവിലെയാണ് മണ്ഡലത്തിലെ പ്രചാരണത്തിൽ ബൈക്ക് റാലി നടത്തിയത്. ഇതിനെതിരേ യുഡിഎഫ് നേതൃത്വം പരാതി നൽകുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ബൈക്ക് റാലികൾ വോട്ടെടുപ്പ് തിയതിക്ക് 72 മണിക്കൂർ മുന്പ് നിർത്തിവയ്ക്കണമെന്ന് തെര. കമ്മീഷൻ നിർദേശം നൽകിയിരുന്നു. ബൈക്ക് റാലികളിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയുണ്ടായത്.

