ക്രൈംബ്രാഞ്ച് സമർപ്പിച്ച എഫ്‌ഐആർ അസംബന്ധം; കേസ് ഡയറി ആവശ്യപ്പെട്ട് ഇഡി
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയിൽ. അന്വേഷണം പ്രമുഖരിലേക്ക് നീണ്ടാൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുകയാണോ വേണ്ടതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കേസ് ഡയറിയും വിശദാംശങ്ങളും കൈമാറണമെന്ന് ഇഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നൽകിയ ഹർജിയിലാണ് നിലവിൽ വാദം പുരോഗമിക്കുന്നത്.
കേരളാ പൊലീസിനെതിരെ ഇഡി കേസ് എടുക്കുമെന്ന മുന്നറിയിപ്പും തുഷാർ മേത്ത നൽകി. കേരളാ പൊലീസ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കുകയാണ്. ഇഡിയുടെ അന്വേഷണത്തിലേക്ക് കടന്നുകയറാൻ ഒരു ഏജൻസിക്കും അനുവാദമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

