കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് ആഗ്രഹം; രാഹുൽ ഗാന്ധി


കോട്ടയം:  കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ‍ ഗാന്ധി. അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താൻ തുടരുമെന്നും രാഹുൽ‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ‍ തെരഞ്ഞെടുപ്പിൽ‍ മത്സരിക്കുന്നുണ്ട്. ഇപ്പോഴത്തെ ഇടത് സർക്കാർ ഉള്ളതെല്ലാം പാർ‍ട്ടിക്ക് മാത്രം കൊടുക്കരുത് കേരളത്തിന്റെ വികസനം കൂടി നോക്കണം. യുവാക്കൾ‍ക്ക് നൽ‍കേണ്ട ജോലി സിപിഐഎം വേണ്ടപ്പെട്ടവർ‍ക്ക് നൽ‍കുന്നുവെന്നും രാഹുൽ‍ കോട്ടയത്ത് പറഞ്ഞു.

സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മുതിർന്ന വനിതാ നേതാക്കൾ തുടർച്ചയായി പാർട്ടി വിടുന്നതിനിടയിലാണ് രാഹുലിന്റെ പ്രതികരണം. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് മഹിള കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ്, മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂടിയായ മുതിർന്ന നേതാവ് കെസി റോസക്കുട്ടി തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിലാണ് പാർട്ടി വിട്ടത്. ഇതിൽ റോസക്കുട്ടി രാഹുലിന്റെ വയനാട് മണ്ഡലത്തിൽ നിന്നുള്ള നേതാവാണെന്നതും ശ്രദ്ധേയമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed