കോഴിക്കോട് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. പഴംപറന്പ് നാട്ടിക്കല്ലിങ്ങൽ ഷഹീറാണ് ഭാര്യ മുഹ്‌സിലയെ കഴുത്തറുത്ത് കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇയാളെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഷഹീറിന്റെ മുറിയിൽ നിന്ന് വലിയ ശബ്ദം കേട്ടാണ് മാതാപിതാക്കൾ ഉണരുന്നത്. വാതിൽ തുറക്കാൻ ഷഹീർ കൂട്ടാക്കാതായതോടെ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. ബന്ധുക്കൾ മുറിയുടെ അകത്തേക്ക് കയറി നോക്കുന്പോഴാണ് മുഹ്‌സിലയെ രക്തത്തിൽ കുളിച്ച് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കൾ പിടികൂടി മുക്കം പൊലീസിന് കൈമാറുകയായിരുന്നു.