ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ കെ.എസ്.ആർ.ടി.സി. നൽകിയ അപ്പീൽ ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർ അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. അതേസമയം, ഇതിലെ നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജീവനക്കാർക്ക് വിദേശത്ത് പോകാനും മറ്റും അഞ്ചു വർഷത്തെ അവധി കെ.എസ്.ആർ.ടി.സി. നൽകാറുണ്ട്. ഇങ്ങനെ അവധിയിൽപ്പോയ 136 ജീവനക്കാരോട് ഉടൻതന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കെ.എസ്.ആർ.ടി.സി. നോട്ടീസ് നൽകി. ഇതുപ്രകാരം തിരികെ പ്രവേശിച്ച ചുരുക്കം ചിലർ ഒഴികെ ബാക്കി എല്ലാവരെയും പിരിച്ചുവിട്ടു. ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയ ഹൈക്കോടതി അവരെ തിരികെയെടുക്കാൻ ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഡിസംബർ 18−ന്റെ ഉത്തരവ് ചോദ്യംചെയ്താണ് കെ.എസ്.ആർ.ടി.സി. അപ്പീൽ നൽകിയത്. ബാങ്ക് വായ്പ (3100 കോടി) ഉൾപ്പെടെ 4315 കോടിയുടെ ബാധ്യതയുണ്ടെന്നും കോവിഡ് അടച്ചിടൽ സ്ഥിതി രൂക്ഷമാക്കിയെന്നും കെ.എസ്.ആർ.ടി.സി. സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed