കേരള പര്യടനം; മലപ്പുറത്തെ കൂടിക്കാഴ്ചയിലും എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി മുഖ്യമന്ത്രി


മലപ്പുറം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ജില്ലയിലെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എത്തുന്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് സമസ്ത പ്രഖ്യാപിച്ച പിന്തുണ തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലീം ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്. യുഡിഎഫ്-വെല്‍ഫെയർ പാര്‍ട്ടി ബന്ധത്തില്‍ സമസ്ത എതിര്‍പ്പ് പരസ്യമാക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രത്തിലെത്തുകയാണ്. കോഴിക്കോട്ടെ ജമാഅത്തെ ഇസ്ലാമി ബഹിഷ്‌ക്കരണത്തെ പിന്തുണച്ച സമസ്ത, ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

You might also like

  • Straight Forward

Most Viewed