കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് കണ്‍വീനർ എംഎം ഹസന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിപക്ഷ സമരങ്ങള്‍ തുടരും. സര്‍ക്കാരിനെതിരായ സമരങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 12 ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അഞ്ചുപേരെ വീതം പങ്കെടുപ്പിച്ച് പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന്റെ വേലിയേറ്റം തീര്‍ത്തിരുന്ന പ്രതിപക്ഷം, പൊടുന്നനെ സമരരംഗത്ത് നിന്ന് അപ്രത്യക്ഷമായത് കോണ്‍ഗ്രസിനുളളില്‍ത്തന്നെ മുറുമുറുപ്പിന് കാരണമായിരുന്നു. കൂടിയാലോചനകളില്ലാതെയാണ് സമരരംഗത്ത് നിന്ന് പിന്മാറിയതെന്നും വിമര്‍ശനമുയര്‍ന്നു. ബിജെപി സമരം തുടരുന്പോഴും മുഖ്യപ്രതിപക്ഷമായ യുഡിഎഫ് നിശബ്ദരായിരിക്കുന്നത് ശരിയല്ലെന്ന വാദം ശക്തമായതോടെ, നിലപാട് മാറ്റിയിരിക്കുകയാണ് മുന്നണി നേതൃത്വം. ആള്‍ക്കൂട്ടം ഒഴിവാക്കി സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധ രംഗത്തേക്കിറങ്ങാനാണ് യുഡിഎഫ് തീരുമാനം.