കടവൂർ ജയൻ വധക്കേസിൽ 9 പ്രതികളും കുറ്റക്കാർ: കൊലപാതകം ആർഎസ്എസ് വിട്ടതിന്
കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒന്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കേസിൽ വെള്ളിയാഴ്ച വിധി പറയും. കൊലപാതകം ജയൻ ആർ.എസ്.എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു.
കൊല്ലം കടവൂർ ജംങ്ഷന് സമിപം വച്ച് ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. സജീവ ആർഎസ്എസ് പ്രവർത്തകരായ ഒന്പത് പേരും കുറ്റക്കാരാണന്നാണ് കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയത്. എല്ലാവർക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയിൽ എത്തിച്ചയാൾ കള്ളസാക്ഷിയാണന്നും കോടതിയിൽ ഹാജരാക്കിയ ആയുധങ്ങൾ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടർന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും കേസിൽ വാദം കേട്ടത്. കൊവിഡ് പ്രോട്ടോകാൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്തിമ വാദം കേൾക്കുന്ന സമയത്ത് കോടതിയിൽ പ്രതികളുടെ സാന്നിധ്യമില്ലായിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്ക് ശേഷം പ്രതികൾ ഒളിവിൽ പോയത് വലിയ വിവാദമായിരുന്നു.



