വയോധിക ക്രൂര പീഡനത്തിനിരയായി ഗുരുതരാവസ്ഥയിൽ
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട് ഇരുപ്പച്ചിറയിൽ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു. പീഡന ശേഷം എഴുപത്തിയഞ്ചുകാരിയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തി. വൻകുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. വൃദ്ധ വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം.
രണ്ട് ദിവസം മുന്പാണ് സംഭവം നടന്നത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെയാണ് പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി, ജനറൽ മെഡിസിൻ, യൂറോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. 48 മണിക്കൂറിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യസ്ഥിതിയെ പറ്റി പറയാനാകയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു.



