സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ല തുടർഭരണം ഉറപ്പ്: കോടിയേരി


തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ നടപടി മാതൃകാപരമാണെന്നും പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ക്ക് സിപിഎമ്മിന്‍റെ പൂര്‍ണപിന്തുണയുണ്ട്. സര്‍ക്കാരിനുപിന്നില്‍ പാര്‍ട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കും. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഒരു ശ്രമവും അംഗീകരിക്കില്ല. വിവാദങ്ങൾ കെട്ടടങ്ങും. 

തുടർഭരണത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യപ്പെടുത്തുന്നതിന് പ്രസക്തിയില്ല. സോളാർ കേസിൽ ആരോപണം ഉയർന്നത് അന്നത്തെ മുഖ്യമന്ത്രിക്കെതിരെയായിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ ശ്രീധരൻ നായരുടെ മൊഴിയുണ്ടായെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെത്തിയ സ്വർണത്തിന്‍റെ നിറം കാവിയും പച്ചയുമാണെന്ന് ഇപ്പോൾ തെളിഞ്ഞു. കോണ്‍ഗ്രസും ലീഗും ബിജെപിയെ സഹായിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു. കൺസൽട്ടൻസി നിയമനങ്ങളിൽ സർക്കാർ പരിശോധന നടത്തും. ഭാവിയിൽ ഇത്തരം നിയമനങ്ങളിൽ കരുതൽ വേണം. അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.

സർക്കാരിൽ പാർട്ടിക്കുള്ള നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ അവിശ്വാസപ്രമേയത്തെ സ്വാഗതം ചെയ്യുന്നു. അവിശ്വാസപ്രമേയം സര്‍ക്കാരിന്‍റെ ജനപിന്തുണ തെളിയിക്കാനുതകുമെന്നും പാർട്ടി സെക്രട്ടറി കൂട്ടിച്ചേർത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed