മറ്റൊരു ചാരക്കേസ് ചമയ്ക്കാൻ കേരളം ഇനി അനുവദിക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സ്വർണക്കടത്തുകേസിനെ ചാരക്കേസുമായി ഉപമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റൊരു ചാരക്കേസ് ചമയ്ക്കാൻ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണശേഷിയുള്ള ഉദ്യോഗസ്ഥനെന്ന മുഖ്യമന്ത്രിയുടെ വിശ്വാസം ശിവശങ്കർ ഇല്ലാതാക്കിയെന്നും കോടിയേരി വ്യക്തമാക്കി.
ഭരണശേഷിയുള്ള ഉദ്യോഗസ്ഥനെന്ന നിലയിലാണ് ശിവശങ്കറെ മുഖ്യമന്ത്രി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന പെരുമാറ്റം ശിവശങ്കറിൽ നിന്നുണ്ടായി. ഏതെങ്കിലും ഉദ്യോഗസ്ഥനോ മറ്റുള്ളവരോ സ്വയംകുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തു നിന്ന് നീളില്ല. ശിവശങ്കറിനെതിരായ നടപടികളിലൂടെ ഇത് വ്യക്തമാക്കിയിരിക്കുകയാണെന്നും കോടയേരി ലേഖനത്തിലൂടെ പറയുന്നു.
പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പ്പിക്കാൻ ഒരു സ്ത്രീയേയും ഐപിഎസ് ഉദ്യോഗസ്ഥരേയും കേന്ദ്രബിന്ദുക്കളാക്കി കഥകളുണ്ടാക്കി. അത്തരമൊരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട. പിണറായി സർക്കിരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായുണ്ട്. കള്ളക്കഥകൾ ചമച്ച്, അരാജകസമരം നടത്തി സർക്കാരിനെ തകർക്കാനാവില്ല. കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പുനിറമാണെന്ന ബിജെപി ദേശീയ പ്രസിഡന്റിന്റെ പരാമർശത്തിന്, പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത് സ്വർണത്തിന്റെ നിറം കാവിയും പച്ചയുമാണെന്നും കോടിയേരി ആരോപിച്ചു.

