മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളയുടെ പ്രഭവകേന്ദ്രമായി മാറി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ചെന്നിത്തല വിമർശിച്ചു. സർക്കാർ അഴിമതിയെന്ന അഗ്നിപർവതത്തിന് മുകളിലാണ് നിൽക്കുന്നത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. ശിവശങ്കറിനെ മാറ്റിനിർത്തി കേസിൽനിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തത്. ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുൻകൂർ ജാമ്യമെടുക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു. മുഖ്യമന്ത്രിയും സർക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

