സക്കീർ ഹുസൈനെ സിപിഎം പുറത്താക്കിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി


കൊച്ചി: അനധികൃതസ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് സക്കീർ ഹുസൈനെ പാർട്ടി പുറത്താക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പ്രതികരിച്ചു. ഇപ്പോഴും സക്കീർ തന്നെയാണ് ഏരിയ സെക്രട്ടറി. സക്കീറിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പാർട്ടി തീരുമാനം എടുക്കുന്പോൾ പരസ്യമായി അറിയിക്കുമെന്നും മോഹനൻ പറഞ്ഞു. പാർട്ടി തന്നെ ഏരിയാ സെക്രട്ടഫി സ്ഥാനത്തു നിന്ന് പുറത്താക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് സക്കീർ ഹുസൈനും പ്രതികരിച്ചു. 

തനിക്കെതിരായ നടപടിയെക്കുറിച്ച് പറയേണ്ടത് സിപിഎം ജില്ലാ നേതൃത്വമാണ്. തന്റെ പേരിൽ സ്വത്തുക്കൾ ഇല്ല. തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയുമില്ല. തനിക്കെതിരെ പരാതി നൽകിയത് ഒരു വിവരാവകാശ ഗുണ്ടയാണ്. അന്വേഷണം അടക്കമുള്ളവ പാർട്ടിയുടെ പരിധിയിൽ വരുന്നതാണ്. തനിക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും സക്കീർ ഹുസൈൻ പറഞ്ഞു.

എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീർ ഹുസൈനെ പുറത്താക്കിയെന്ന് ഇന്നലെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ആഭ്യന്തര അന്വേഷണസമിതി സക്കീർ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു. 

ഈ സമിതി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെ പുറത്താക്കിയതെന്നായിരുന്നു പ്രചാരണം. ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സന്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ ഇങ്ങനെ നിരവധി വിവാദങ്ങൾ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ്  സക്കീർ ഹുസൈൻ. പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം തുടരുകയാണ്. 

സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സന്പാദിച്ചത് എന്നുമായിരുന്നു പരാതി. ജില്ലാ കമ്മിറ്റിയാണ് സക്കീർ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സിഎം ദിനേശ് മണി, പിആർ മുരളി എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed