കോവിഡ് രണ്ടാം വ്യാപനം; ബെയ്ജിംഗിൽ സ്ഥിതി അതീവ ഗുരുതരം
ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. സ്ഥിതി അതീവ ഗുരുതരമാണെന്ന് ബെയ്ജിംഗ് നഗര വക്താവ് ഷു ഹേജിയൻ വ്യക്തമാക്കി. അഞ്ചു ദിവസത്തിനിടെ ബെയ്ജിംഗിൽ പുതുതായി 106 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം പുതുതായി 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിന്‍റെ പുതിയ ക്ലസ്റ്റർ ബെയ്ജിംഗായേക്കാമെന്നാണ് വിലയിരുത്തൽ. ഇതേതുടർന്ന് നഗരത്തിൽ രോഗികളുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന ആരംഭിച്ചു.
കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ബെയ്ജിംഗിലെ 11 റസിഡൻഷ്യൽ കമ്മ്യൂണിറ്റികളിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന മത്സ്യ, മാംസ മാർക്കറ്റുകൾ അടച്ചു. ബെയ്ജിംഗിലെ തെക്കുപടിഞ്ഞാറൻ ഡിസ്ട്രിക്ടായ ഫെംഗ്ടായി മേഖലയിലെ സിൻഫാഡി മാർക്കറ്റുമായി സന്പർക്കം പുലർത്തിയവർക്കാണ് രോഗം ബാധിച്ചത്. ജൂണ്‍ 11-നു മുന്പ് 56 ദിവസം ഒറ്റ കോവിഡ് കേസുപോലും ബെയ്ജിംഗിൽ റിപ്പോർട്ടു ചെയ്തിരുന്നില്ല.
ഇതിനിടെ ഹെബെയ് പ്രവിശ്യയിലെ ബാവോഡിംഗ് പട്ടണത്തിൽ സൈനിക നിയമം പ്രഖ്യാപിച്ചു. ഇവിടെ നിരവധി പേർക്ക് കോവിഡ് പിടിപെട്ടതായി സംശയിക്കുന്നു. സിൻഫാഡി മാർക്കറ്റുമായി ബന്ധപ്പെട്ടവർക്കാണു രോഗബാധ.

