ഉത്ര കൊലക്കേസ്; അഞ്ചൽ സിഐക്കെതിരെ പോലീസ് റിപ്പോർട്ട്


തിരുവനന്തപുരം: ഉത്ര കൊലക്കേസിൽ അഞ്ചൽ സിഐക്കെതിരെ പോലീസിൻ്റെ റിപ്പോർട്ട്. പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ അഞ്ചൽ സിഐ, സിഎൽ സുധീർ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. റിപ്പോർട്ട് കൊല്ലം റൂറൽ എസ്പി, ഡിജിപിക്ക് കൈമാറി. കേസിൻ്റെ പ്രാധമിക ഘട്ടത്തിൽ സിഐ കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു.

കേസ് അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ അഞ്ചൽ സിഐക്കെതിരെ ഉത്രയുടെ വീട്ടുകാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിഐ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ഇവരുടെ ആരോപണം. സിഐ ഒഴികെ, എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാർ അന്വേഷണം നന്നായി നടത്തിയിരുന്നു എന്നും വീട്ടുകാർ ആരോപിച്ചിരുന്നു.

അസ്വാഭാവിക മരണം ആയിരുന്നിട്ടു പോലും ഉത്രയുടെ മൃതദേഹം ആദ്യം സംസ്കരിച്ചിരുന്നു. ഇതിനു നേതൃത്വം നൽകിയത് സി ഐ സുധീർ ആയിരുന്നു. ഇതിനെതിരെ വനിതാ കമ്മീഷനും രംഗത്തെത്തി.

മെയ് ഏഴിനു തന്നെ അസ്വഭാവിക മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉത്രയുടെ വീട്ടുകാരും പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും ആദ്യ ഘട്ടത്തിൽ ഉണ്ടായില്ല. 13ന് വീണ്ടും പോലീസുകാർ പരാതി നൽകി. അതിലും കാര്യമായ നടപടി ഉണ്ടായില്ല. തുടർന്ന് മെയ് 19ന് റൂറൽ എസ്പി ഹരിശങ്കറിന് വീട്ടുകാർ പരാതി നൽകി. തുടർന്നാണ് അന്വേഷണം ആരംഭിക്കുകയും കേസിൻ്റെ ചുരുളഴിയുകയും ചെയ്തത്. മുൻപും സിഐ സുധീറിനെതിരെ പല ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed