വിദേശത്തുനിന്നും മടങ്ങിയെത്തിയ രണ്ട് പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്തുനിന്നും മടങ്ങിയെത്തിയ പ്രവാസികളിൽ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോടും കൊച്ചിയിലും ചികിത്സയിലാണ്.
ഏഴാം തീയതി ദുബൈയിൽനിന്ന് കോഴിക്കോട്ട് എത്തിയ ആൾക്കും അബുദാബിയിൽനിന്ന് കൊച്ചിയിൽ വിമാനം ഇറങ്ങിയ ആൾക്കുമാണ് കോവിഡ്. ഇന്ന് ഒരാൾ രോഗമുക്തി നേടി. ഇടുക്കിയിൽ ചികിത്സയിലുണ്ടായിരുന്ന ആളാണ് രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനത്ത് 505 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 17 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 23,930 പേർ നിരീക്ഷണത്തിലുണ്ട്. 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 123 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

