എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ലോക്ക്ഡൗണിനുശേഷം മാത്രം; മാറ്റിവച്ച പരീക്ഷകൾ മെയ് 21 മുതൽ നടത്തിയേക്കും
കൊച്ചി: എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ലോക്ക്ഡൗണിനു ശേഷം മാത്രം. ലോക്ക്ഡൗണിനു ശേഷം സർക്കാരുകളുടെ അനുമതി ലഭിച്ചാൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21നും 29നും ഇടയിൽ നടത്തും. എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാൻ കഴിയുമോയെന്ന് പ്രിൻസിപ്പൽ വഴി അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
ലോക്ക്ഡൗണിനുശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചാൽ മെയ് 21നും 29നും ഇടയിൽ പരീക്ഷ നടത്താൻ യോഗം തീരുമാനിച്ചു. പരീക്ഷയ്ക്ക് കുട്ടികളും, അധ്യാപകരും സ്കൂളുകളിൽ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനം ഉറപ്പാക്കും. നിലവിൽ ചില സ്കൂളുകൾ കൊവിഡ് സെന്ററായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം മറ്റ് സംവിധാനം ആലോചിക്കും. എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്കൂൾ പ്രിൻസിപ്പാൾ വഴി ജില്ലാതലത്തിൽ അന്വേഷിക്കും. പരീക്ഷക്ക് ഏതെങ്കിലും കുട്ടികൾക്ക് എത്തിചേരാനാകാത്ത സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ വേണ്ട നടപടിയെടുക്കും.
ലോക്ക്ഡൗണിനുശേഷം മാത്രമേ എസ്എസ്എൽസി മൂല്യനിർണയം തുടങ്ങുകയുള്ളൂ. എന്നാൽ ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മെയ് 13നു തുടങ്ങും. സാധ്യമാകുന്ന അധ്യാപകർ മൂല്യനിർണയ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിർദ്ദേശമായിരിക്കും നൽകുക. കൊവിഡ് ഡ്യൂട്ടിക്ക് എൽപി, യുപി അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

