പ്രവാസികൾ അവിടെ കിടന്ന് മരിച്ചോട്ടെ എന്നാണോ? കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പ്രവാസികളെ മുൻഗണന നിശ്ചയിച്ച് മാത്രം തിരിച്ചെത്തിച്ചാൽ മതിയെന്ന കേന്ദ്രത്തിന്‍റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഒട്ടേറെ മലയാളികൾ കൊവിഡ് പശ്ചാത്തലത്തിൽ മടങ്ങിവരാൻ തയ്യാറായിരിക്കെ കേരളത്തിന് മാത്രമായി ഒരു പാക്കേജ് വേണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രവാസികളുടെ തിരിച്ച് വരവിന് കേന്ദ്രം കർശന ഉപാധി മുന്നോട്ട് വെക്കുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അത്യാവശ്യഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന അവസ്ഥ അംഗീകരിക്കാൻ കഴിയുന്നതല്ല. സ്വന്തം പൗരന്മാർ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ കേന്ദ്രസർക്കാർ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഗർഭിണികളായ പ്രവാസികൾ അടക്കം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. മുൻഗണന നിശ്ചയിക്കാം പക്ഷെ അധികം വൈകാതെ എല്ലാവരേയും തിരിച്ചെത്തിക്കാൻ സംവിധാനം ഒരുക്കണം.
തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ പരിമിതികളില്ലെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ കേരളം തയ്യാറാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു, വരുന്ന ആളുകളെ ക്വാറന്‍റൈൻ ചെയ്യുകയേ വേണ്ടു. അത് എപ്പോഴായാലും ചെയ്യണം. അടിയന്തര ഘട്ടത്തിൽ കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു.
നോർക്കവഴിയും എംബസി വഴിയും 413000 പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 61009 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. ഗർഭിണികളായ 9827 പേർ രജിസ്ട്രേഷൻ പട്ടികയിലുണ്ട്. 41236 പേർ സന്ദർശക വിസാ കാലാവധി കഴിഞ്ഞവരാണ്. വിസാ കാലവധി കഴിഞ്ഞതോ റദ്ദാക്കപ്പെട്ടതോ ആയ 27100 പേരും ജയിൽ മോചിതരായ 806 പേരും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നുണ്ട്.

