അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ പരിശോധിക്കാൻ തലപ്പാടിയിൽ നൂറ് ഹെൽപ്പ് ഡെസ്കുകൾ
കാസർഗോഡ്: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചു വരാൻ സാഹചര്യമൊരുങ്ങിയതോടെ ചെക്ക് പോസ്റ്റുകളിൽ ഇവരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു. ദേശീയപാതയായ 66, 47, 48 എന്നിവയിലൂടെ കാസർഗോഡ് വഴി അന്യസംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മടങ്ങി വരാനുള്ള സാധ്യത കണക്കിലെടുത്ത് കാസർഗോഡ് തലപ്പാടി ചെക്ക് പോസ്റ്റിൽ വിപുലമായ സൗകര്യങ്ങളേർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ്, ഡൽഹി, ബീഹാർ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുളള ഏകദേശം 4500 ഓളം പേർ നോർക്ക വെബ് സൈറ്റിൽ തിരികെ വരാനായി രജിസ്‌റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡി.സജിത്ത് ബാബു അറിയിച്ചു. ജില്ലാ അതിർത്തിയായ തലപ്പാടിയിൽ എത്തുന്നവരുടെ വിവരങ്ങൾ, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങൾ ഈ സാഹചര്യത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
നാളെ മുതൽ (മെയ് നാലിന്) രാവിലെ എട്ടുമണി മുതൽ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെൽപ് ഡെസ്‌ക്കുകൾ പ്രവർത്തന ക്ഷമമാകും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വീഡിയോ കോൺഫറൻസിൽ സംസാരിക്കുന്പോൾ ആണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
കർണ്ണാടക അതിർത്തിയിൽ നിന്നും ജില്ലാ അതിർത്തിയിലെത്തുന്ന ഓരോ വാഹനത്തിനും ആർടിഒ, പോലീസ് ഉദ്യോഗസ്ഥർ ടോക്കൺ നൽകും. ഒന്നു മുതൽ 100 വരെയുള്ള ടോക്കണാണ് നൽകുക. ടോക്കണിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഹെൽപ് ഡെസ്‌ക്കുകളിലേക്ക് ഡ്രൈവറെ രേഖകൾ പരിശോധിക്കുന്നതിന് കടത്തി വിടൂ. വാഹനത്തിൽ നിന്ന് ഡ്രൈവർക്ക് മാത്രമേ പുറത്തിറങ്ങാൻ അനുമതി ഉണ്ടാകു.
നാല് സീറ്റ് വാഹനത്തിൽ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തിൽ അഞ്ചു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു. ഡ്രൈവർ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഒരു ജെ.എച്ച്.ഐ, ആർടിഒ റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങൾ, കോവിഡ് പ്രോട്ടോകോൾ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം ജില്ലയിലുള്ളവരാണെങ്കിൽ അവരെ ആംബുലൻസിൽ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കിൽ സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവിൽ ആംബുലൻസ് ഏർപ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. തയ്യാറാക്കിയിട്ടുള്ള ഹെൽപ് ഡെസ്‌ക്കുകളിൽ ഓരോ അര മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന് ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസറെചുമതലപ്പെടുത്തി.
രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നതിനായി ജില്ലയിൽ ലഭ്യമായ സർക്കാർ, സ്വകാര്യ മേഖലയിലുളള ആംബുലൻസുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി അടിയന്തിര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലൻസുകൾ ഒഴിച്ച് ഹെൽപ് ഡെസ്‌ക്കുകളിൽ സജ്ജമാക്കി നിർത്തും. തലപ്പാടിയിൽ സജ്ജീകരിച്ചിട്ടുളള ഹെൽപ് ഡെസ്‌ക്കുകളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് എത്തിച്ചേരുന്നതിന് കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നും തലപ്പാടിയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് കെ എസ്ആർടിസി ബസ് ഏർപ്പെടുത്തും.

