ഷഹലയുടെ മരണം: ബാലക്ഷേമസമിതി കേസെടുത്തു
തിരുവനന്തപുരം: സർവജന വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ(10) ക്ലാസ് മുറിക്കുള്ളിലെ മാളത്തിൽനിന്നു പാമ്പിന്‍റെ കടിയേറ്റു മരിച്ച സംഭവത്തിൽ ബാലക്ഷേമസമിതി കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും വെള്ളിയാഴ്ച റിപ്പോർട്ട് നൽകണമെന്ന് സമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ സ്കൂൾ അധികൃതർക്കും ഡോക്ടർമാർക്കും വീഴ്ചയുണ്ടായെന്നും സമിതി കണ്ടെത്തി. കാ രണമായത് വിദ്യാലയ അധികൃതരുടെ അനാസ്ഥയായിരുന്നു. പാമ്പ് കടിച്ചതാണെന്ന സംശയം സഹപാഠികൾ അറിയിച്ചിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മുക്കാൽ മണിക്കൂർ വൈകി. പിതാവ് എത്തിയതിനുശേഷമാണ് ഷഹലയെ ആശുപത്രിയിൽ കൊണ്ടുപോയത്. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ നൊട്ടൻവീട്ടിൽ അബ്ദുൾ അസീസിന്‍റെയും ഷജ്നയുടെയും മകളാണ് ഷഹല ഷെറിൻ.
വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്, ഇന്ന് കളക്ടർക്ക് കൈമാറും. വയനാട്ടിൽ ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

