നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നു ഇന്നു മുതൽ പകൽ സർവ്വീസില്ല


നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ നവീകരണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം. 2020 മാർച്ച് 28 വരെ ഇനി ഇവിടെ നിന്നു പകൽസമയം വിമാനസർവ്വീസുകൾ ഉണ്ടാകില്ല. എല്ലാദിവസവും രാവിലെ 10-ന് വിമാനത്താവള റണ്‍വേ അടയ്ക്കും. വൈകുന്നേരം ആറിന് തുറക്കും. മിക്ക സർവ്വീസുകളും വൈകുന്നേരം ആറു മുതൽ രാവിലെ പത്ത് വരെയുള്ള സമയത്തേക്കു പുനഃക്രമീകരിച്ചതിനാൽ അഞ്ചെണ്ണം മാത്രമാണു റദ്ദാക്കിയിട്ടുള്ളത്. റണ്‍വേ റീ-സർഫസിംഗ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവർഷം മുന്പു തന്നെ സിയാൽ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കന്പനികൾ ഇതിനു പൂർണ സഹകരണം നൽകി. സ്പൈസ് ജെറ്റിന്‍റെ മാലദ്വീപ് സർവ്വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്. വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവ്വീസുകളും റദ്ദാക്കപ്പെട്ടു. 
അതേസമയം, ഒക്ടോബർ അവസാനവാരം നടപ്പാക്കിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി സർവീസുകൾ കൂട്ടിച്ചേർക്കുകയുംചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രതിദിനം 30,000 യാത്രക്കാരെയും 240 സർവീസുകളെയും കൈകാര്യം ചെയ്യുന്നു. 24 മണിക്കൂർ പ്രവർത്തന സമയം നാളെ മുതൽ 16 മണിക്കൂർ ആയി ചുരുങ്ങും. രാവിലെയും വൈകുന്നേരവും തിരക്കു പ്രതീക്ഷിക്കുന്നതിനാൽ ചെക്ക്-ഇൻ സമയം വർദ്ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുന്പും രാജ്യാന്തര യാത്രക്കാർക്കു നാല് മണിക്കൂർ മുന്പും ചെക്ക്-ഇൻ നടത്താം. 100 സുരക്ഷാ ഭടൻമാരെ കൂടി സിഐഎസ്എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ ഇവരുടെ അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തും. 1999ൽ പ്രവർത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തിൽ 2009ൽ ആണ് ആദ്യ റണ്‍വേ റീ-സർഫസിംഗ് നടത്തിയത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റണ്‍വേയ്ക്കുള്ളത്. വർഷങ്ങളുടെ ഉപയോഗത്തിൽ റണ്‍വേയുടെ മിനുസം കൂടും. പ്രതലം പരുക്കനായി നിലനിർത്തേണ്ടതു സുരക്ഷിതമായ ലാൻഡിംഗിന് അത്യന്താപേക്ഷിതമാണ്. 150 കോടി രൂപയാണ് റണ്‍വേ നവീകരണ പ്രവൃത്തികൾക്ക് ചിലവ്. റണ്‍വേ, ടാക്സി ലിങ്കുകൾ എന്നിവയുൾപ്പെടെ അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ ഭാഗത്താണ് റീ-സർഫിംഗ് ജോലികൾ നടക്കുന്നത്. റണ്‍വേയുടെ ലൈറ്റിംഗ് സംവിധാനവും പുതുക്കും. മധ്യരേഖയിൽ നിലവിലുള്ളതിന്‍റെ ഇരട്ടിയിലേറെ ലൈറ്റുകൾ സ്ഥാപിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed