മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികൾ: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനൻ ആവശ്യപ്പെട്ടു. താമരശ്ശേരിയിൽ നടന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പി.മോഹനന്റെ പരാമർശങ്ങൾ.
ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തിൽ ഇപ്പോൾ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നൽകി വളർത്തുന്നത്. അവർ തമ്മിൽ ഒരു ചങ്ങാത്തമുണ്ട്. ഇത് പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം ഏത് തീവ്രവാദ സംഘടനക്കാണ് മാവോയിസ്റ്റുകളുമായി ബന്ധമെന്ന് പി.മോഹനൻ പ്രസംഗത്തിൽ പറഞ്ഞിട്ടില്ല. മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് യുഎപിഎ ചേർത്ത് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയത നടപടിക്ക് സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ.

