കോന്നിയിലെ തോൽവി; ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ്
പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന അടൂർ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് രംഗത്ത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് തനിക്ക് തോന്നുന്നില്ലെന്നും വീഴ്ച പറ്റിയെന്ന് ഒരു നേതാവും പറയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോന്നി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ജില്ലാ കമ്മിറ്റിക്കായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. കെപിസിസി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ പ്രചാരണത്തിനായി ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ജില്ലാ നേതൃത്വത്തിനെന്നപ്പോലെ ആ കമ്മിറ്റിയുടേയും ഉത്തരവാദിത്തത്തിലാണ് പ്രചാരണം നടത്തിയത്. തോൽവിയെ കുറിച്ച് പഠിക്കേണ്ടതാണ്.സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ ജില്ലാ നേതൃത്വത്തിന് അഭിപ്രായം പറയാം. അങ്ങനെ ഒരു അഭിപ്രായം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. തീരുമാനമെടുത്തതെല്ലാം കെപിസിസിയാണ്. തനിക്ക് പറയാനുള്ള കാര്യങ്ങൾ ബന്ധപ്പെട്ട യോഗങ്ങളിൽ പറയുമെന്നും ബാബു ജോർജ് വ്യക്തമാക്കി.
കോന്നിയിലെ പരാജയത്തിന് കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയെന്ന് അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടിരുന്നു.

