അറബിക്കടലിൽ ന്യൂനമർദ്ദം: ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്: ട്രെയിൻ ഗതാഗതം സ്തംഭിച്ചു
- എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ട്രാക്കിൽ വെള്ളം കയറി. അതുകൊണ്ടുതന്നെ, ഇരു സ്റ്റേഷനുകൾ വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. ദീർഘദൂരട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയോടുകയാണ്. പിറവം - വൈക്കം ഭാഗത്ത് റെയിൽവേ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ഇവിടെയും ഗതാഗതം തടസ്സപ്പെട്ടു.
- തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴയിൽ സർവീസ് അവസാനിപ്പിച്ചു
- തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി
- 56384 ആലപ്പുഴ - എറണാകുളം, 56381 - എറണാകുളം- കായംകുളം, 56382 കായം കുളം- എറണാകുളം, 56387 - എറണാകുളം - കായംകുളം, 56388 - കായംകുളം-എറണാകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്
- വേണാട് എക്സ്പ്രസ് - (തിരുവനന്തപുരം - ഷൊർണൂർ ) എറണാകുളം നോർത്ത് വഴി തിരിച്ചുവിട്ടു
- 56392 - കൊല്ലം - എറണാകുളം പാസഞ്ചർ തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു
- എറണാകുളം - ആലപ്പുഴ പാസഞ്ചർ റദ്ദാക്കി
- 16127 ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ താൽക്കാലികമായി നിർത്തിവച്ചു.
- ഇതിനുപുറമെ 12678 ബംഗളൂരു ഇന്റർസിറ്റി എറണാകുളം ജംഗ്ഷനിൽ നിന്നും വിട്ടുപോകുന്ന സമയം 11:30-യിലേക്ക് മാറ്റി
- 12617 മംഗള എക്സ്പ്രസിന്‍റെ സമയവും ഒരു മണിയിലേക്ക് മാറ്റി
ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ കനത്ത മഴ പെയ്തത് പോളിംഗ് ശതമാനം കുത്തനെ കുറയാൻ വഴി വയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. പല തീവണ്ടികളും റദ്ദാക്കുകയോ പകുതി വഴിക്ക് യാത്ര നിർത്തുകയോ ചെയ്തു. കനത്ത മഴയുടെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. നീരൊഴുക്ക് കൂടിയതിനാൽ, നെയ്യാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്.
കൊല്ലത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പത്തനാപുരം ആവണീശ്വരത്ത് 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൺറോ തുരുത്തിൽ രണ്ട് വീടുകൾ മഴയിൽ തകർന്നുവീണു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മണിയാർ ഡാമിലെ ഷട്ടറുകൾ 50 സെന്‍റീമീറ്റർ ഉയർത്തുമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പയുടെയും കക്കാട്ടാറിന്‍റേയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

