കഠിനകാലം വരുന്നു, വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുംകാറ്റ് വീശും; കേന്ദ്രത്തിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
ഷീബ വിജയൻ
ന്യൂഡൽഹി: രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുംകാറ്റ് വൈകാതെ വീശുമെന്നും കഠിനമായ കാലമാണ് വരാനിരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ധനവില വർധനവിനെയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വരാനിരിക്കുന്ന പ്രതിസന്ധിയിൽ അദാനിയും അംബാനിയും അടക്കമുള്ള ശതകോടീശ്വരന്മാർ വരെ തകരുമെന്ന് പ്രവചിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധി കൃത്യമായി കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാരിന് സാധിക്കാത്തതാണ് രാജ്യം നേരിടാൻ പോകുന്ന വലിയ തകർച്ചയ്ക്ക് കാരണമെന്ന് രാഹുൽ കുറ്റപ്പെടുത്തി. സാധാരണക്കാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം വിദേശയാത്രകൾ കഴിഞ്ഞിട്ട് ഒന്നിനും സമയമില്ലെന്നും അദ്ദേഹം പരിഹസിച്ചു. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയാവുകയും ഡീസൽ വില 100 രൂപ കടക്കുകയും ചെയ്തു. കൊച്ചിയിൽ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 63 പൈസയുമാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു.
dxxdxdfssd

