ധവളപത്രം തയാറാക്കാൻ നാലംഗ സമിതി; കെ.എം. ചന്ദ്രശേഖർ അധ്യക്ഷൻ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൃത്യമായ ധവളപത്രം തയാറാക്കുന്നതിനായി നാലംഗ സമിതി രൂപീകരിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് കൺവീനർ. സി.ഡി.എസ് ഡയറക്ടർ ഡി. വീരമണി, മുൻ സി.ഡി.എസ് ഡയറക്ടർ ഡി. നാരായണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രമിറക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന വാഗ്ദാനമാണ്. ധനസ്ഥിതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. നാലംഗ സമിതി എത്രയും വേഗം തങ്ങളുടെ ദൗത്യം പൂർത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. അതേസമയം കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
rtfrerf

