തർക്കം മുറുകുന്നു; മന്ത്രിമാരുടെ വകുപ്പുകളിലും വസതികളിലും തീരുമാനമായില്ല


ഷീബ വിജയൻ

തിരുവനന്തപുരം: യു.ഡി.എഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ ധാരണയിലെത്താനാകാതെ മുന്നണി. ഫിഷറീസ് വകുപ്പ് നൽകിയാൽ മാത്രമേ വിദ്യാഭ്യാസം കോൺഗ്രസിന് വിട്ടുനൽകൂ എന്ന നിലപാടിലാണ് മുസ്ലിം ലീഗ്. എന്നാൽ ഫിഷറീസ് ലീഗിന് നൽകുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ശക്തമായി എതിർക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനുപുറമെ വയനാട്ടിൽ നിന്നുള്ള മന്ത്രി ടി. സിദ്ദീഖ് തനിക്ക് വാഗ്ദാനം ചെയ്ത വകുപ്പിലുള്ള അനിഷ്ടം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രധാന വകുപ്പുകൾ കൈക്കലാക്കാൻ കെ.സി പക്ഷം ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

തിങ്കളാഴ്ചയാണ് 21 അംഗ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ തിരഞ്ഞെടുപ്പ് കാലത്തെ 'ഇന്ദിരാ ഗ്യാരണ്ടികളിലെ' രണ്ട് പ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനും, രാജ്യത്താദ്യമായി വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുമായിരുന്നു തീരുമാനം.

എന്നാൽ നിലവിൽ വകുപ്പുകൾക്ക് പുറമെ മന്ത്രിമന്ദിരങ്ങൾക്കും ഔദ്യോഗിക വാഹനങ്ങളുടെ നമ്പറുകൾക്കുമായും മന്ത്രിമാർക്കിടയിൽ തർക്കം തുടരുകയാണ്. ഒരേ വസതിക്കായി മൂന്ന് മന്ത്രിമാർ വരെയാണ് രംഗത്തുള്ളത്. നിള, സാനഡു, ഗ്രേസ് എന്നീ മന്ദിരങ്ങൾക്കായി നിരവധി പേർ പൊതുഭരണ വകുപ്പിന് കത്തയച്ചു കഴിഞ്ഞു. നമ്പർ 51 മന്ദിരം വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെടുമ്പോൾ, ഒമ്പതാം നമ്പർ വാഹനത്തിനായി രമേശ് ചെന്നിത്തലയും 11-ാം നമ്പർ വാഹനത്തിനായി കെ. മുരളീധരനും രംഗത്തുണ്ട്. അതേസമയം 13-ാം നമ്പർ വാഹനം സ്വീകരിക്കാൻ ആരും തയാറായിട്ടില്ല. നിലവിൽ താൽക്കാലിക നമ്പറുകളാണ് വാഹനങ്ങൾക്ക് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉത്തരവ് ലഭിച്ചശേഷമേ ഇവ ഔദ്യോഗികമായി അനുവദിക്കൂ.

ഇതിനിടയിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ആരെയും മന്ത്രിമാരാക്കാത്തതിലുള്ള പ്രതിഷേധം മലബാറിൽ പുകയുകയാണ്. ലീഗ് നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. കാസർക്കോട് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതും കളമശ്ശേരി എം.എൽ.എ വി.ഇ അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കിയതുമാണ് ലീഗ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്.

article-image

dsaasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed