കെവിൻ കേസിൽ വിധി നാളെ; പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്ന് കെവിന്‍റെ അച്ഛൻ
കോട്ടയം: കെവിൻ വധക്കേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കൊല്ലപ്പെട്ട കെവിന്‍റെ അച്ഛൻ ജോസഫ് പറയുന്നു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി ജയചന്ദ്രൻ നാളെ രാവിലെ പത്ത് മണിക്ക് വിധി പറയും.
ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിൻ കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തിന്‍റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്. 2018 മെയ് 27ന് പുലർച്ചെ മാന്നാനത്തെ ബന്ധു വീട്ടിൽ നിന്നും നീനുവിന്‍റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോയി. 28 ആം തീയതി രാവിലെ 11ന് പുനലൂർ ചാലിയേക്കര ആറിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തി.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘം കാറിൽ വച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന് പിറ്റേദിവസം നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ അടക്കം 13 പ്രതികളെ പൊലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടി. കെവിനെ തട്ടിക്കൊണ്ട് പോകാൻ ഗൂഡാലോചന നടത്തിയത് നീനുവിന്‍റെ അച്ഛൻ ചാക്കോയാണ്. പ്രതികൾ കെവിന്‍റെ വീടിന് സമീപം വന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മുഖ്യതെളിവായി.
കെവിനെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യ നീനുവിന്‍റെ പരാതിയെക്കുറിച്ച് അന്വേഷിക്കാത്തതിന് ഗാന്ധി നഗർ എസ്.ഐ.യേയും എ.എസ്.ഐയും സസ്പെന്‍റ് ചെയ്തിരുന്നു.പ്രതികളുടെ പക്കലിൽ നിന്നും കൈക്കൂലി വാങ്ങിയ മറ്റൊരു എ.എസ്.ഐ എം.എസ് ബിജുവിനെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഭവനഭേദനം അങ്ങനെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 24ന് വിചാരണ തുടങ്ങി. വിചാരണ അതിവേഗം പൂർത്തിയാക്കാൻ രാവിലെ 10 മണിക്കാണ് കോടതി ചേർന്നിരുന്നത്.

