മഴക്കെടുതിയില്‍ നഷ്ടമായത് 77 ജീവനുകള്‍; റെഡ് അലര്‍ട്ട് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയില്‍ നഷ്ടമായത് 77 ജീവനുകള്‍. കവളപ്പാറയില്‍ ഇതുവരെ കിട്ടിയത് 13 മൃതദേഹങ്ങളാണ്. 40 ഓളം പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം പത്തായി. എത്രപേര്‍ മണ്ണിനടിയില്‍പ്പെട്ടെന്ന് കൃത്യമായി പറയാനാകുന്നില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ പറഞ്ഞു. സൈന്യത്തിന്റെ സഹായത്തോടെ നാലാം ദിവസവും തിരച്ചില്‍ തുടരുകയാണ്. അതേസമയം, മഴയുടെ ശക്തി കുറഞ്ഞതിനാല്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. നാളെ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

