സെക്രട്ടേറിയറ്റിനകത്ത് കെഎസ്‍യു വനിതാ പ്രവർത്തകരുടെ പ്രതിഷേധം
തിരുവനന്തപുരം: സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടി വനിതാ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവർത്തകരാണ് പോലീസ് ഒരുക്കിയ വലിയ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. അതിലൊരാൾ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു.
യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‍യു സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നു. ഇതെ തുടർന്ന് കർശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്.
സമരപ്പന്തലിൽ കോണഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും വി.ഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടയ്ക്കാണ് സംഭവം അരങ്ങേറിയത്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പോലീസും പിടികൂടിയെങ്കിലും അതിലൊരാൾ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് മുന്നിൽ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

